"കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് ബാലനെ കാണാതായി. അധോലോകസംഘത്തിന്റെ പിടിയിലെന്നു സംശയം. പോലീസ് അന്വേഷിക്കുന്നു.”
ടെലിവിഷന്‍ സ്ക്രീനില്‍ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍ ചെയ്തുകൊണ്ടേയിരുന്നു. ടി.വി. സ്വിച്ച് ഓഫ് ചെയ്ത് പോലീസ് കമ്മീഷണര്‍ എഴുന്നേറ്റു. സോഫയില്‍ തളര്‍ന്നിരുന്ന അച്ചുവിന്റെ അച്ഛനെ തോളില്‍ത്തട്ടി സമാധാനിപ്പിച്ചു.
"ഒട്ടും പേടിക്കേണ്ട. ദൂരെയെങ്ങും പോകാനിടയില്ല. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവനെ ഞങ്ങള്‍ കണ്ടെത്തും. സിറ്റി മുഴുവന്‍ അരിച്ചുപെറുക്കി തിരയുന്നുണ്ട്.”
വാതില്‍ക്കലെത്തി അദ്ദേഹം തിരിഞ്ഞുനിന്നു.
"പിന്നൊരു കാര്യം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത്. വിളിക്കുന്ന നമ്പറുകള്‍ നോട്ട് ചെയ്യണം.” കമ്മീഷണര്‍ പുറത്തേക്കിറങ്ങി.
പുറത്ത് ചാനലുകാരും പത്രക്കാരും ആകാംക്ഷയോടെ കമ്മീഷണര്‍ പുറത്തുകടക്കുന്നതും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ക്യാമറയില്‍ ഫ്ലാഷുകള്‍ മിന്നി. മൈക്കുകളും റെക്കോഡറുകളും കമ്മീഷണര്‍ക്കു നേരെ നീണ്ടു. ചോദ്യങ്ങളുയര്‍ന്നു. എന്നാല്‍ അവയെല്ലാം തട്ടിമാറ്റിക്കൊണ്ട് ഒന്നും ഉരിയാടാതെ അദ്ദേഹവും ഉന്നത പോലീസുദ്യോഗസ്ഥരും മിന്നല്‍വേഗത്തില്‍ ലിഫ്റ്റിനകത്തു കേറി. മാധ്യമപ്പട അതും തത്സമയം സംപ്രേഷണം ചെയ്തു.
അച്ഛന്‍ വാതിലടച്ചു വീണ്ടും സോഫയില്‍ ഇരുന്നു. കിടപ്പറയില്‍ അച്ചുവിന്റെ അമ്മ കട്ടിലില്‍ ബോധമില്ലാതെ കുഴഞ്ഞു കിടപ്പാണ്. ഇടയ്ക്കു ബോധം വരുമ്പോള്‍ അമ്മ ഉച്ചത്തില്‍ കരയും. "മോനേ, അച്ചൂ... നീ എവിടെപ്പോയീ മോനേ?....” ആ സമയം മുത്തശ്ശിയുടെ നാമജപവും ഉച്ചത്തിലാവും. അവര്‍ക്കു കരയാനും ശബ്ദമില്ലാതായിരിക്കുന്നു.
എത്ര പെട്ടെന്നാണ് അച്ചുവിനെ കാണാതായ വാര്‍ത്ത പരന്നത്! ജോലിക്കാരി ജാനുവാണ് ആദ്യമറിഞ്ഞത്. ആറാംനിലയിലെ നാലുഫ്ലാറ്റുകളിലെ ജോലിക്കാരിയാണ് ജാനു. രണ്ടുമണിക്കൂര്‍ വീതം ഓരോ ഫ്ലാറ്റിലും തൂത്തുവാരലും കഴുകലും തുടയ്ക്കലും ചെയ്യും. 6-3 ല്‍ കണ്ണുകാണാത്ത ഒരു മുത്തശ്ശിമാത്രമേ സാധാരണ ഉണ്ടാവാറുള്ളു. അവര്‍ക്കു ചോറുവിളമ്പിക്കൊടുക്കലും ജാനുവിന്റെ പണിയാണ്. ആ മുത്തശ്ശിയെ ജാനുവിനും കാര്യമാണ്. അച്ചു എവിടെപ്പോയീ എന്നു മുത്തശ്ശിയാണ് ജാനുവിനോടു ചോദിച്ചത്. കുറേ നേരമായി അവന്റെ മിണ്ടാട്ടമില്ല. ജാനു അകത്തെ മുറികളെല്ലാം തിരഞ്ഞു. അടുത്ത ഫ്ലാറ്റുകളില്‍ കേറി അന്വേഷിച്ചു. അപാര്‍ട്മെന്റിലെ കുട്ടികള്‍ മറ്റു വീടുകളില്‍ പോവുക പതിവില്ല. മുത്തശ്ശിക്കു പരിഭ്രമമായി. അവര്‍ ജാനുവിനോട് അച്ചുവിന്റെ അച്ഛനെ വിളിക്കാന്‍ ആവശ്യപ്പെട്ടു.
പിന്നെ വിളിയോടുവിളിതന്നെ. അപാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലെല്ലാം വാച്ച്മാന്‍ കയറിയിറങ്ങി. അപ്പോഴേയ്ക്കും അച്ഛനും അമ്മയും വീട്ടിലെത്തിയിരുന്നു. അച്ചുവിനെ പരിചയമുള്ള നമ്പറിലെല്ലാം വിളിച്ചു. ആര്‍ക്കും ഒരു പിടിയുമില്ല. ഇതിനകം പോലീസെത്തി. മാധ്യമങ്ങളറിഞ്ഞു. ഊഹാപോഹങ്ങള്‍ പരന്നു.
ഫോണ്‍ നിലയ്ക്കാതെ റിങ് ചെയ്തുകൊണ്ടിരുന്നു. അമ്മയുടെ മൊബൈലും അച്ഛന്‍തന്നെയാണ് അറ്റന്റ് ചെയ്യുന്നത്. സഹപ്രവര്‍ത്തകരും ബന്ധുക്കളും അച്ചുവിന്റെ കൂട്ടുകാരും ടീച്ചര്‍മാരും വിവരമറിഞ്ഞ് വിളിക്കുകയാണ്. അച്ഛന്‍ എല്ലാവരോടും ഒരേ ഉത്തരം ആവര്‍ത്തിച്ചു. തിരയുന്നുണ്ട്.
ഫോണില്‍ വിളിച്ചന്വേഷിക്കയല്ലാതെ ആരും അവരുടെ ഫ്ലാറ്റിലേക്കു ചെന്നില്ല. ആര്‍ക്കും അതിനു സമയമുണ്ടായിരുന്നില്ല. അയല്‍പക്കത്തുകാര്‍പോലും വിളിക്കുകയേ പതിവുള്ളു. ജാനുവും പോലീസ് കമ്മീഷണറും മാത്രമേ അവിടെ നേരില്‍ ചെന്നിട്ടുള്ളു. ജാനുവിനെ ചോദ്യംചെയ്യാനായി കൊണ്ടുപോയിരിക്കയുമാണ്. അച്ഛന്‍ ഇരുകൈകൊണ്ടും ഫോണ്‍ അറ്റന്റുചെയ്യുന്നു. മുത്തശ്ശി ചുമരുംചാരി മൂലയ്ക്കിരിക്കുന്നു. അമ്മ കട്ടിലില്‍ തളര്‍ന്നുകിടക്കുന്നു. ലാന്റ്ഫോണ്‍ റിങ് ചെയ്യുമ്പോള്‍ അമ്മ ഞെട്ടിയുണരും. ഭ്രാന്തുപിടിച്ചതുപോലെ അലറിക്കരയും. "എന്റെ അച്ചൂ... എവിടെ എന്റെ അച്ചൂ....”
....................................... തുടരും>>>
No comments:
Post a Comment