തിരമൊഴി
വാമൊഴിക്കും വരമൊഴിക്കും ശേഷം.
Thursday, May 02, 2013
Thursday, January 19, 2012
എഴുന്നെള്ളിപ്പ്

അക്കിത്തത്തിനെ ഒരിക്കല്‍ക്കൂടി ഇന്റര്‍വ്യു ചെയ്യാന്‍ പോയി. ഇത്തവണ വി.കെ.ശ്രീരാമന്റെ വേറിട്ട കാഴ്ചകള്‍ക്കുവേണ്ടിയായിരുന്നു. മുമ്പൊരിക്കല്‍ ഭാഷാപോഷിണിക്കുവേണ്ടിയും ചെയ്തിട്ടുണ്ട്.
അസ്തമനസൂര്യനെപ്പോലെ ക്ഷീണരശ്മിയായി കാണപ്പെട്ടു. ആരുചെന്നാലും പുഞ്ചിരിയോടെ കൈകൂപ്പി സ്വീകരിക്കും. വാര്‍ദ്ധക്യത്തിന്റെ അവശത ശരീരം പ്രകടിപ്പിച്ചെങ്കിലേ ഉള്ളു. വാക്കിലോ നോക്കിലോ കാണിക്കില്ല.
എട്ടര പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളും ആലോചനകളും ചാലുകീറിയ പരന്ന നെറ്റിത്തടം. വെള്ളക്കുറ്റിത്താടി. പരുത്തിത്തുണികൊണ്ട് കുടുക്കുകളില്ലാതെ തയ്ച കൈയ്യില്ലാക്കുപ്പായം. കാവിമുണ്ട്. ഊന്നുവടി.
മടികൂടാതെ ക്യാമറയ്ക്കുമുന്നില്‍ ഇരുന്നു. നാരായണനാമം അങ്കനം ചെയ്ത തുണിവിരിച്ച ചാരുകസേരയില്‍. നിഴലുകളുണ്ടാക്കാത്ത കൃത്രിമവെളിച്ചം ആ മുഖത്തടിക്കുന്നു. യൂണിറ്റിലെ ചെറുപ്പക്കാര്‍ ശബ്ദലേഖനത്തിനുള്ള ലേപ്പല്‍ കുപ്പായത്തിന്മേല്‍ പിടിപ്പിക്കുന്നു.
അദ്ദേഹം എല്ലാറ്റിനും വഴങ്ങിക്കൊണ്ട് നിസ്സംഗനായി ഇരിക്കുന്നു. തുഴയാന്‍ ശ്രമിക്കാതെ ഒഴുക്കിനു സ്വയം വിട്ടുകൊടുത്ത മാതിരി. എന്തുവേണമെങ്കിലും ആയിക്കൊള്ളൂ എന്ന മട്ട്.
എനിക്ക് എന്തുകൊണ്ടോ കുറ്റബോധം തോന്നി. ആത്മനിന്ദയും.
ഈ വാര്‍ദ്ധക്യത്തില്‍ എത്രാമത്തെ തവണയായിരിക്കും മീഡിയക്കുവേണ്ടി അദ്ദേഹം ഇരുന്നുകൊടുക്കുന്നത്. ആരെല്ലാം വന്നു. എന്തെല്ലാം ചോദിച്ചു. കവിതയെപ്പറ്റി, ജീവിതത്തെപ്പറ്റി, കാലത്തെയും ലോകത്തേയും പറ്റി. എന്തെല്ലാം പറഞ്ഞു. എന്നിട്ടും ഇങ്ങനെ മടുപ്പു കാണിക്കാതെ....
ഇടയ്ക്ക് എപ്പോഴോ പറഞ്ഞു. :"ജീവിച്ചിരിക്കുമ്പോഴല്ലേ പറ്റൂ?"
എന്തൊരു പ്രസ്താവന! തീര്‍ച്ചയായും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തനിക്കു പറ്റൂ എന്നല്ല. മാധ്യമങ്ങള്‍ക്ക് തന്നെ പ്രയോജനപ്പെടുത്താന്‍ പറ്റൂ എന്നാണ് ഉദ്ദിഷ്ടം. ലോകം തന്നെ എത്രവേണമെങ്കിലും പ്രയോജനപ്പെടുത്തിക്കൊള്ളട്ടെ. അതിനുവേണ്ടി ഇത്തിരി കുനിഞ്ഞുകൊടുക്കാനും തയ്യാര്‍. തിടമ്പുംകൊണ്ടുവരുന്ന ശാന്തിക്കാരന് പുറത്തേറാന്‍ പാകത്തില്‍ മുന്‍കാലു മടക്കി കുനിഞ്ഞുനില്‍ക്കുകയാണ് ഈ സഹ്യന്റെ മകന്‍!
ഇങ്ങനെയാണ് അക്കിത്തം. ആരു വിളിച്ചാലും കൂടെ പോകും. നന്മ നേരും. പ്രസംഗിക്കും. എത്ര പൊട്ടക്കവിതയായാലും വായിച്ച് അവതാരിക എഴുതിക്കൊടുക്കും. അക്കിത്തത്തില്‍നിന്ന് ഇത്രയ്ക്കു നിരുപാധികമായ സ്നേഹം അര്‍ഹിക്കുന്നുണ്ടോ ഈ ലോകം? ലോകത്തിന്റെ വിചാരം തങ്ങള്‍ ഈ കവിയെ എഴുന്നള്ളിച്ചു കൊണ്ടുനടക്കുകയാണ് എന്നാണ്. വാസ്തവമെന്താണ്? അദ്ദേഹം ലോകത്തെ തന്റെ മുതുകത്ത് ഏറ്റിക്കൊണ്ടു സഞ്ചരിക്കുന്നു. എന്നിട്ട് ഞാനല്ല, ഇതെന്റെയല്ല എന്നു ചോദിക്കുന്നവരോടു പറയുകയും ചെയ്യും.
"എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ / എന്റെയല്ലീമഹാ ക്ഷേത്രവും മക്കളേ!"
Monday, January 10, 2011
നാടകോത്സവം ഒരോര്‍മ്മക്കുറിപ്പ്
കേരളത്തിലെ നാടകസ്നേഹികളുടെ ചിരകാല സ്വപ്നമായിരുന്നു ഒരു രാജ്യാന്തര നാടകോത്സവം. ചലച്ചിത്രമേളയുടെ വിജയവും സ്വീകാര്യതയും പലരേയും ഈവഴിക്കു ചിന്തിപ്പിച്ചുവെങ്കിലും 2008 ല്‍ സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്ന ഭരത് മുരളി മുന്‍കൈയെടുക്കുന്നതുവരെ അതു സാക്ഷാത്കരിക്കാനായില്ല. കോര്‍പ്പറേറ്റ് ഫണ്ടുകളേയോ സ്പോണ്‍സര്‍മാരേയോ ആശ്രയിക്കാതെ സര്‍ക്കാരിന്റെ സാസ്കാരികപ്രവര്‍ത്തനം എന്ന നിലയില്‍ ഇത്തരത്തിലൊരു നാടകമേളയ്ക്കു തുടക്കമിടാന്‍ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്നാമത് അന്താരാഷ്ട്രനാടകോത്സവത്തിനു തിരശ്ശീല വീഴുന്നതോടെ കേരളത്തിന്റെ ഈ മുന്‍കൈ ലോകശ്രദ്ധ നേടിക്കഴിഞ്ഞു എന്നതില്‍ അഭിമാനിക്കുകയുമാവാം.
പോയ രണ്ടു വര്‍ഷങ്ങളില്‍ ഏഷ്യന്‍ തിയ്യേറ്ററും ആഫ്രിക്കന്‍ തിയ്യേറ്ററുമായിരുന്നു മുഖ്യപ്രമേയമെങ്കില്‍ ഇത്തവണ ലാറ്റിന്‍ അമേരിക്കന്‍ തിയ്യേറ്ററായിരുന്നു ഫോക്കസ്. സാംസ്കാരികമായും രാഷ്ട്രീയമായും അടുപ്പം പുലര്‍ത്തുന്ന രണ്ടു ജനജീവിതങ്ങളുടെ നേര്‍ക്കാഴ്ചയ്കുള്ള വേദിയായിമാറുകയായിരുന്നു ഈ നാടകമേള. ലോകത്തിന്റെ ഏതു മൂലയില്‍നിന്നും സാഹിത്യവും സിനിമയും പിടിച്ചെടുക്കുന്ന നമുക്കു പക്ഷെ, നാടകം കാണാന്‍ അവസരങ്ങളില്ലെന്നതു സത്യമാണ്. നടക്കുന്ന സ്ഥലത്തും കാലത്തിലും മാത്രം നിലകൊള്ളുന്ന കലയാണ് നാടകം. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും സിനിമയും മലയാളികള്‍ക്ക് പരിചിതമാണെങ്കിലും തിയ്യേറ്ററിനെക്കുറിച്ച് വായിച്ചറിവല്ലാതെ കണ്ടറിവുള്ളവര്‍ കുറയും. രാജ്യാന്തരതലത്തിലുള്ള ഒരു ചലച്ചിത്രമേളയേക്കാള്‍ നാടകമേളയ്ക്കുള്ള പ്രസക്തിയും ഇതാണ്. ഇത്തവണ കണ്ട നാടകങ്ങളില്‍ ഉള്ളിലെന്തെങ്കിലും അവശേഷിപ്പിച്ച പ്രകടനങ്ങളുടെ ഒരോര്‍മ്മക്കുറിപ്പുമാത്രമാണിത്.
സമകാലിക ലോകനാടകവേദിയെ അടുത്തറിയാനും ആവിഷ്കാരത്തിലെ നൂതനസങ്കേതങ്ങളെ മനസ്സിലാക്കാനും പുതിയ സംരംഭങ്ങള്‍ക്ക് പ്രചോദകമാവാനും ഉദ്ദേശിച്ചുള്ളതാണ് ഇറ്റ്ഫോക്ക് എന്ന് അക്കാദമി പറയുന്നു. പ്രതീക്ഷകളോടൊപ്പം ആശങ്കകളും പ്രചോദനത്തോടൊപ്പം പ്രകോപനങ്ങളും ഉണര്‍ത്തിവിട്ട അരങ്ങുകളാണ് തൃശ്ശൂരില്‍ കണ്ടത്. അരങ്ങ് സാങ്കേതികവിദ്യയ്ക്കു കീഴടങ്ങുകയാണോ? നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ എന്ന നിലവിട്ട് നാടകം രാജ്യാന്തരമേളകളില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള ഒരു ഉത്പന്നമായി മാറുകയാണോ? സംവിധായകന്റെ ആത്മാവിഷ്കാരമോ വ്യാഖ്യാനമോ ആയി മാറുകയാണോ അവതരണങ്ങള്‍? മേള ഉണര്‍ത്തിവിട്ട ചോദ്യങ്ങള്‍ ഇങ്ങനെ നിരവധിയാണ്.
നാടകത്തെക്കുറിച്ചുള്ള മുന്‍ധാരണകളേയും നിര്‍വ്വചനങ്ങളേയും അട്ടിമറിക്കുന്ന പരീക്ഷണങ്ങളായിരുന്നു മിക്കതും. നാടകം എന്ന മാധ്യമം അതിനെത്തന്നെ വിചാരണചെയ്യുന്ന അരങ്ങുകള്‍. നവസാങ്കേതികവിദ്യയുടെ വര്‍ത്തമാനകാലം എല്ലാ കലകളേയും ഇത്തരം ആത്മപരിശോധനയ്ക്കു വിധേയമാക്കുന്നതായി വിചാരിക്കണം. അഥവാ, അങ്ങനെ സ്വയം പരിഷ്കരിക്കാതെ അതിനു മുന്നോട്ടുപോകാനാവില്ല എന്ന സ്വത്വപ്രതിസന്ധി ഓരോ കലാകാരനും നേരിടുന്നുണ്ടാവണം.
കലര്‍പ്പാണ് പുതുലോകത്തെ കലയുടെ കാതല്‍ എന്നു വന്നിരിക്കുന്നു. അതിര്‍ത്തികള്‍ മാഞ്ഞ് സംസ്കാരവും രാഷ്ട്രീയവും കൂടിക്കലരുന്ന ആഗോളസാഹചര്യം നാടകത്തേയും പുതുക്കിപ്പണിയുന്നുണ്ട്. അത് നിലനില്‍പ്പിനുവേണ്ടി എവിടെനിന്നും എന്തും സ്വീകരിക്കനാവുംവിധം ഉദാരമാവുകയാണ്. മള്‍ട്ടിമീഡിയ പ്രൊജക്ഷനും ഡിജിറ്റല്‍ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നത് നിഷിദ്ധമായി അതു കരുതുന്നില്ല.
നാടകം മൊത്തത്തില്‍ ഒരു മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍ ആയി ഉത്പന്നപ്പെടുന്ന സന്ദര്‍ഭങ്ങളും വിരളമല്ല.
എന്നാല്‍ നമ്മുടെ പ്രേക്ഷകസദസ്സ് ഇത്രമേല്‍ ഉദാരമായിട്ടുണ്ടോ എന്നു സംശയമാണ്. നാടകവിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ഒരക്കാദമിക് ദൌത്യമാണ് രാജ്യാന്തര നാടകമേളയെങ്കില്‍ അതു ശരിതന്നെ. സാധാരണ പ്രേക്ഷകര്‍ക്ക് ഇത് ദൃശ്യവിസ്മയത്തിന്റെ പൂരക്കാഴ്ചകളായിമാത്രം അനുഭവപ്പെട്ടുവെങ്കില്‍ തെറ്റു പറയാനുമാവില്ല.
ഇറ്റ്ഫോക്കിന്റെ ഓപ്പണിങ് പ്ലേ ആയ ക്വിക്ക് ഡെത്ത് ഇതിനുദാഹരണമാണ്. പോയവര്‍ഷം വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന് തൃശ്ശൂരിന്റെ മൌലികമായ സാംസ്കാരികപശ്ചാത്തലത്തില്‍ രംഗാവിഷ്കാരമൊരുക്കിയ ശങ്കര്‍ വെങ്കിടേശ്വരന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു ഈ നാടകം. ഇതിവൃത്തം, അതിന്റെ രേഖീയപുരോഗതി, നിര്‍വ്വഹണം തുടങ്ങിയ സുഘടിതനാടകസങ്കേതങ്ങളെ അട്ടിമറിക്കുന്ന രംഗവിസ്മയം. രണ്ടു പുരുഷന്മാര്‍, ഒരു സ്ത്രീ, തോക്ക്, പണം, ഇരുട്ട്, വെളിച്ചം, വെടിയൊച്ച, അലര്‍ച്ച - ഒരു കഥ മെനഞ്ഞെടുക്കാന്‍ ആവശ്യമായ ഇത്രയും കാര്യങ്ങളെ പലതരത്തില്‍ വിന്യസിച്ചുകൊണ്ട് കഥനതന്ത്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയാണ് അരങ്ങ്. രേഖീയത, കരണപ്രതികരണങ്ങളിലെ കാര്യകാരണബന്ധം, വാക്കും ചേഷ്ടയും തമ്മിലുള്ള പാരസ്പര്യം തുടങ്ങിയ ലോകയുക്തിയെ നിരാകരിക്കുകയാണ് നാടകം. വെടിയേറ്റുവീഴുന്ന ഒരു മനുഷ്യന്റെ ആവര്‍ത്തിക്കുന്ന ചേഷ്ടകള്‍, സംഭവങ്ങളെ ശകലീകരിച്ചു കാണിക്കല്‍, സ്ലോ മോഷന്‍-മൊണ്ടാഷ് തുടങ്ങിയ ചലച്ചിത്രസങ്കേതങ്ങളുടെ ഉപയോഗം, ഇരുട്ടു കാണിക്കുന്നതിനുവേണ്ടിയുള്ള പ്രകാശവിന്യാസം തുടങ്ങിയവ ഈ പരീക്ഷണത്തെ വേറിട്ടുനിര്‍ത്തുന്നു. സിനിമയെ ബോധപൂര്‍വ്വമായിത്തന്നെ അനുകരിക്കുകയാണ് ഈ നാടകം. മൂന്നു സെക്കന്റുമുതല്‍ മൂന്നു മിനുട്ടുവരെമാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളുടെ ഒരു തുടര്‍ക്കണിയാണിത്.
സിനിമയെ മറ്റൊരു പശ്ചാത്തലത്തിലും ലക്ഷ്യത്തിലും ഉപയോഗപ്പെടുത്തിയ ഒരു ചിലിയന്‍ നാടകത്തെക്കൂടി ഈ സന്ദര്‍ഭത്തോടു ചേര്‍ത്തുവെക്കേണ്ടതുണ്ട്. ഒരുപക്ഷെ ഈ മേളയിലെ ഏറ്റവും ജനപ്രീതി നേടിയ നാടകവുമാണ് അത് : എല്‍ ഹുസാര്‍ ദെ ലാ മുവര്‍തെ (The Horseman of Death). സ്പാനിഷ് രാജവാഴ്ചയ്ക്കെതിരെ പോരാടി പരാജയപ്പെടുന്ന മാന്വല്‍ റൊഡ്രിഗസ് എന്ന വീരനായകന്റെ കഥ പറയുന്ന 1925ലെ ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയെ അതേപടി രംഗത്ത് അവതരിപ്പിക്കുകയാണ് നാടകസംഘം. അരങ്ങ് തിരശ്ശീലയാണെന്നു ബോദ്ധ്യപ്പെടുത്താന്‍ സദസ്സിനു നടുവില്‍ പ്രൊജക്ടറും ഓപ്പറേറ്ററും ഇരിക്കുന്നു. പിന്‍നിരയില്‍ ലൈവ് മ്യൂസിക്കിനുള്ള ബാന്‍ഡും. ഇത്രമേല്‍ ചടുലവും ഊര്‍ജ്ജം പ്രസരിപ്പിക്കുന്നതുമായ ഒരു രംഗാവതരണം അപൂര്‍വ്വമായിരിക്കും. പോയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ചിലിയിലെ സാധാരണജനങ്ങളെ ആഹ്ലാദിപ്പിച്ച നിശ്ശബ്ദസിനിമയ്കുക്കുള്ള ആദരപ്രകടനംകൂടിയാണ് തങ്ങളുടെ നാടകമെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ ആന്‍ഡ്രസ് എറാസോ പറയുന്നു.
മാധ്യമസങ്കലനം രംഗവേദിയെ പുതുക്കിപ്പണിയുകയാണെന്ന് തെളിയിക്കുന്ന വേറേയും രചനകളുണ്ടായിരുന്നു. അമിതേഷ് ഗ്രോവര്‍ സംവിധാനം ചെയ്ത സ്ട്രേഞ്ച് ലൈന്‍സില്‍ ഡിജിറ്റല്‍ ക്യാമറയിലൂടെയുള്ള തത്സമയ ചിത്രീകരണവും അതിന്റെ ലൈവ് പ്രൊജക്ഷനും നാടകത്തിന്റെ കാതലായി വര്‍ത്തിക്കുകയാണ്. ഇന്ത്യയിലും സ്വിറ്റ്സര്‍ലണ്ടിലുമിരുന്ന് രണ്ടു ജേണലിസ്റ്റുകള്‍ തങ്ങളുടെ രാജ്യങ്ങളിലെ ജീവിതാനുഭവങ്ങള്‍ മോണോലോഗുകളായി അവതരിപ്പിക്കുന്ന ഈ രംഗാവിഷ്കാരത്തില്‍ ചിത്രകലയും ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രവാസത്തിന്റേയും ഗൃഹാതുരതയുടേയും ഏകാകിതയുടേയും അനുഭവങ്ങളെ വ്യത്യസ്തമാധ്യമങ്ങളെ പ്രയോജനപ്പെടുത്തി ആവിഷ്കരിക്കുന്ന ഈ സംരംഭം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കും.
നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ മലയാളനാടകവും പിന്നിലല്ലെന്നു തെളിയിക്കുന്നതായി തിരുവനന്തപുരം അഭിനയയുടെ സാഗരകന്യക എന്ന നാടകം. ഇബ്സന്റെ ലേഡി ഫ്രം ദ സീ എന്ന നാടകത്തെ അടിസ്ഥാനമാക്കി കുടുംബബന്ധത്തിലെ പൊരുത്തക്കേടുകളും സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യവും ആവിഷ്കരിക്കുന്ന ഈ നാടകത്തിലെ വാചികാവതരണത്തില്‍ പാലിച്ച ശൈലീവത്കരണം ശ്രദ്ധേയമായിരുന്നു. അതേസമയം പശ്ചാത്തലമായി ഉടനീളം പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന വിഡിയോ ഇമേജുകള്‍ അമിതവ്യാഖ്യാനമായി തോന്നുകയും ചെയ്തു.
നവമാധ്യമങ്ങള്‍ മാത്രമല്ല, പാവകളി പോലുള്ള ഫോക് ആര്‍ട്ടുകളുടെ പ്രയോഗവും രംഗവേദിയില്‍ എങ്ങനെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്താമെന്ന് കാണിച്ച ചിലിയില്‍നിന്നുള്ള പ്യൂട്ടാ പെരാള്‍ട്ടയും പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രകടനമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അന്ധനും ദരിദ്രനുമായ ജുവാന്‍ ബോസ്റ്റിക്കാ പെരാള്‍ട്ടാ എന്ന ജനകീയകവിയുടെ ജീവിതകഥയാണ് ഈ പാവനാടകം ആവിഷ്കരിച്ചത്.
മാധ്യമസങ്കലനത്തിനെതിരെ നടനിലും രംഗവസ്തുക്കളിലും ഊന്നിക്കൊണ്ടുള്ള പരമ്പരാഗത രംഗാവതരണങ്ങള്‍ക്കും ഈ നാടകമേള സാക്ഷ്യംവഹിച്ചു. മകരന്ദ് സാഥേ സംവിധാനം ചെയ്ത തെ പൂഥെ ഗെലെ (They went ahead) എന്ന മറാത്തി നാടകം കേവലം സംഭാഷണത്തില്‍ അധിഷ്ഠിതമായിരുന്നു. തുടര്‍ച്ചയായി ഒരു മണിക്കൂര്‍നേരം നിലയ്ക്കാത്ത സംഭാഷണം. മരിച്ചതിനുശേഷവും കമ്പോളമത്സരബുദ്ധി കൈവിടാത്ത നഗരമധ്യവര്‍ഗ്ഗത്തെ പരിഹസിക്കുന്ന ഈ നാടകം കര്‍ഷക ആത്മഹത്യയും ലൈംഗികചൂഷണവും മറ്റും ചര്‍ച്ച ചെയ്യുന്നുണ്ട്. ദൃശ്യവിസ്മയങ്ങളുടെ ഇക്കാലത്തും ഇത്തരത്തില്‍ പ്രമേയം ചര്‍ച്ചചെയ്യുന്ന അരങ്ങുകള്‍ മറാത്തി നാടകം അതിന്റെ പാരമ്പര്യത്തില്‍നിന്നു വിടുതിനേടിയിട്ടില്ലെന്നു തെളിയിച്ചു.
രംഗവസ്തുക്കളുടെ മിതവ്യയത്വംകൊണ്ടും ധ്വനിപ്രയോഗംകൊണ്ടും ശ്രദ്ധേയമായ ഒരു നാടകമായിരുന്നു ബൊളീവിയയില്‍നിന്നുള്ള സംഘം അവതരിപ്പിച്ച എന്‍ ഉന്‍ സോള്‍ അമാരില്ലോ (In a Yellow Sun). ഒരു ഭൂകമ്പത്തെത്തുടര്‍ന്ന് സര്‍വ്വസ്വവും നഷ്ടപ്പെട്ട ജനതയുടെ ദുരിതവും അധികാരികളുടെ അഴിമതിയും തുറന്നു കാട്ടുന്ന ഈ നാടകം പ്രേക്ഷകപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. അഴിമതിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ കല്ലെറിഞ്ഞുകൊണ്ടാണ് (നാടകസംഘം പ്രേക്ഷകര്‍ക്കിടയില്‍ മുന്‍കൂട്ടി വിതരണം ചെയ്ത കടലാസുപന്തുകള്‍) പ്രേക്ഷകര്‍ നാടകത്തില്‍ പങ്കാളികളായത്. വാതില്‍, ജനല്‍, കസേര, മേശ തുടങ്ങിയ ഗാര്‍ഹികോപകരണങ്ങള്‍ കപ്പികളും കയറുകളുമുപയോഗിച്ച് വലിച്ചും വിട്ടും സൃഷ്ടിച്ച ഭൂകമ്പപ്രതീതി ഞെട്ടിപ്പിക്കുന്ന അനുഭവമായി.
മുകളിലും താഴെയുമായി കുത്തനെ ചലിക്കുന്ന ഒരു കെട്ടുകാഴ്ചയാണ് ക്യൂബന്‍ സംഘം അവതരിപ്പിച്ച വിഷന്‍സ് ഓഫ് ക്യൂബാനോസോഫിയ. അസാധാരണമായ ദൃശ്യപ്പൊലിമയും ശബ്ദപ്രകടനവും ഈ നാടകത്തെ അപൂര്‍വ്വമായ ഒരനുഭവമാക്കി. കമ്യൂണിസ്റ്റ് ക്യൂബയിലാണ് ഈ അട്ടിമറി നാടകം രൂപപ്പെട്ടത് എന്ന വസ്തുതയും ആശ്ചര്യജനകമാണ്. ശില്പങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശരീരനിലകളും മന്ദചലനങ്ങളും രാഷ്ട്രീയപോരാട്ടങ്ങളുടെ നാട്ടില്‍നിന്നു പ്രതീക്ഷിച്ചതായിരുന്നില്ല.
എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ജാപ്പനീസ് നാടകം - ഉഗെത്സു മോണൊഗതാരി (The Lust of the Serpent) അവരുടെ പരമ്പരാഗത നൃത്ത-ആയോധന കലകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഒന്നായിരുന്നു. നോ, കബുക്കി തുടങ്ങിയ ജാപ്പനീസ് നൃത്തരൂപങ്ങളില്‍ വിദഗ്ദ്ധനായ അതിന്റെ സംവിധായകന്‍ മഡോകാ ഒകാഡ പത്താംനൂറ്റാണ്ടിലെ ഒരു നാടോടിക്കഥയുടെ പുനരാവിഷ്കാരത്തിലൂടെ മനുഷ്യമനസ്സിലെ ഭയം എന്ന വികാരത്തെയാണ് പരിചരിക്കുന്നത്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിലയന്‍ സംവിധായകന്‍ ഏലിയാസ് കൊഹെന്റെ സിസിഫസ് റോക്ക് എന്ന നാടകം പലരെയും നിരാശപ്പെടുത്തിയിരിക്കണം. ഗ്രീക്ക് ഇതിഹാസകഥാപാത്രമായ സിസിഫസിന് സമാനമായ നാറാണത്തു പ്രാന്തനെ അറിവുള്ളതുകൊണ്ടുകൂടിയാകണം ഈ നിരാശ.അസംബന്ധതയുടെ ഫലിതവും തത്വചിന്തയും ഒരുമിക്കുന്ന ഒരു പുരാവൃത്തമാണിത്. എങ്കിലും ഏലിയാസ് കൊഹന്റെ നിര്‍വ്വഹണത്തില്‍ എന്തോ പുതുമ തോന്നിയില്ല.
ശരീരഭാഷകൊണ്ട് വിസ്മയം സൃഷ്ടിച്ച ഏതാനും ഏകാംഗനാടകങ്ങള്‍ മനസ്സില്‍ തങ്ങിനില്പുണ്ട്. അസാധാരണമായ കോറിയോഗ്രഫിയിലൂടെ, വെളിച്ചത്തിന്റെ സൂക്ഷ്മവിന്യാസത്തിലൂടെ, ഉടലുകൊണ്ട് എഴുതിയ കാവ്യം എന്നു വിളിക്കാവുന്ന ടേല്‍സ് ഓഫ് ദ ബോഡി എന്ന സ്പാനിഷ് നാടകം. പെണ്‍മയെത്തന്നെ പ്രമേയമാക്കിയുള്ള ഇന്തോ കൊളംബിയന്‍ സംരംഭം ലാ ലോബാ, യാസ്മിന്‍ ജസ്ദന്‍വാലാ എന്ന അഭിനേത്രിയുടെ ഉജ്വലപ്രകടനംകൊണ്ട് അവിസ്മരണീയമായ രംഗാവിഷ്കാരമായിരുന്നു. ഇന്ത്യന്‍ നാടകവിഭാഗത്തില്‍ അവതരിപ്പിച്ച സംനദ്രാബാ മാമി (മണിപ്പുരി / ഹീസ്നാം തോംബ), തോ പോയ്ദാം (അസാമീസ് / ശുക്രാചാര്യ റബ്ബ) എന്നിവയും ശ്രദ്ധേയമായ അവതരണങ്ങളായിരുന്നു.
ചലച്ചിത്രമേളയെ അപേക്ഷിച്ച് ഈ നാടകമേള വ്യത്യസ്തമാകുന്നത് സംവിധായകരുടെ സാന്നിദ്ധ്യംകൊണ്ടുമാത്രമല്ല പലരാജ്യങ്ങളില്‍നിന്നായി ഒത്തുചേര്‍ന്ന നാടകപ്രവര്‍ത്തകരുടെ ശില്പശാലാ അവതരണംകൊണ്ടുകൂടിയാണ്. നാടകമേളയുടെ കലാശക്കളിയായ ലാസ് ഇന്ത്യാസ്, ഇന്റര്‍ ആക്ടീവ് ആയ ഒരു ഇന്തോ ലാറ്റിനമേരിക്കന്‍ പ്രകടനമായാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 1492ല്‍ ലാറ്റിനമേരിക്കയിലെത്തിയ ക്രിസ്റ്റഫര്‍ കൊളംബസ് അത് ഇന്ത്യയാണെന്നു തെറ്റിദ്ധരിച്ച ചരിത്രത്തില്‍നിന്നു തുടങ്ങി കോളനിവത്കരണങ്ങളുടെ തുടര്‍ക്കഥ ജനകീയപങ്കാളിത്തത്തോടെ ആവിഷ്കരിക്കാനുള്ള പരിശ്രമമാണ് ഈ രംഗസംരംഭം. വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിച്ചുകൊണ്ട് പ്രേക്ഷകരും നടന്മാരും പങ്കെടുക്കുന്ന ഒരു നാടകയാത്ര.
ഒരുപക്ഷെ ഇതുതന്നെയായിരിക്കും മൂന്നാമത് കേരള രാജ്യാന്തര നാടകമേളയുടെ ഫലശ്രുതിയും. മേള തൃശ്ശൂരില്‍ അവസാനിക്കുകയല്ല, തുടങ്ങുകയാണ് എന്നും പറയാം. പുതിയ രംഗാനുഭവങ്ങളുമായി വേദികളില്‍നിന്ന് വേദികളിലേക്ക് മലയാളനാടകവും സഞ്ചരിച്ചുകൊണ്ടിരിക്കും.
(ഭാഷാപോഷിണി, ജനുവരി 2011)

Subscribe to:
Posts (Atom)